ദ വീക്ക് ..

 ദ വീക്ക്
2012 ഒക്ടോബർ പ്രഥമ ദിനത്തിൽ എന്റെ തീവണ്ടി മെജെസ്റിക് ബംഗ്ലൂരിലെത്തി . എവിടെനിന്ന് ...?എങ്ങനെ ...? എന്ന് ചോദിക്കരുത് . അവ പ്രതിപാദ്യ വിഷയങ്ങളേ  അല്ല തന്നെ ....!. പ്ലാറ്റ്ഫോമിൽ നിന്ന് ടിക്കറ്റ്‌ പരിശോധകരെ പലേടങ്ങളിലായി വെട്ടിച്ചു ഞാൻ ഒരു വിധത്തിൽ പുറത്ത് കടന്നു . പിന്നെ പുറത്ത് സ്റേഷന്റെ , കാർ പോർച്ചു പോലുള്ള ഭാഗത്ത് - ഒത്ത മദ്ധ്യത്തിൽ കാലിയുള്ള ഇടം കണ്ടു പിടിച്ച ശേഷം, അവിടെ ഞാനെന്റെ മാറാപ്പ്  ഇറക്കി വച്ച്, അതിന്മേൽ  ഇരിപ്പായി . അന്നതുവരെ  അപരിചിതമായിരുന്ന ശൈത്യത്തിൽ നിന്ന്  രക്ഷപ്പെടാൻ എനിക്ക് അതേയൊരു മാർഗമുണ്ടായിരുന്നുള്ളൂ.പിന്നെ  പ്രതീക്ഷയോടെ പുറത്തെ ചിക്കൻ  സെന്ററുകളിലെ കുക്കുട ഗണങ്ങൾ  സുപ്രഭാതം പാടി , മനുഷ്യ-കാക ഗണങ്ങളെ  ഉണർത്തുന്ന വേളക്കായ്‌ കാത്തിരിപ്പായി ഞാൻ . കൌതുകത്തോടെ ചുറ്റും കണ്ണോടിച്ചപ്പോൾ , ആദ്യം എന്റെ ശ്രദ്ധയിൽ പെട്ടത് ആ വലിയ പരസ്യ  കട്ട്ഔട്ടുകളാണ്  ....!. എമ്പാടും ' കഥകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന പരമാർത്ഥ കഥകളെ , മനുഷ്യത്വത്തിന്റെ തൂവൽ  സ്പർശത്താൽ ജനഹൃദയങ്ങളിൽ കോറുന്ന  പാരമ്പര്യം അവകാശപ്പെടുന്ന, ആംഗല ഭാഷയിലുള്ള ആ ആഴ്ച്ചപ്പതിപ്പിന്റേതായിരുന്നു  അത്  ...!.ആ വർണാഭമായ വിളംബരങ്ങളിൽ നിന്ന് പ്രതിഫലിച്ചു കൊണ്ടിരുന്ന പ്രകാശത്താൽ 'മെജസ്റ്റിത'മായിരുന്നു സ്റേഷൻ പരിസരമത്രയും. ...!
പോർച്ചിനു പുറത്ത് വിശുദ്ധ അന്തോണിച്ചൻറെ പടയാളികളും അവരുടെ വാഹന വ്യൂഹവും . പടയാളികളുടെ ബൂട്ട് ധ്വനികളാലും , പിന്നെ ഇടയ്ക്കിടെ ഉയർന്നു കൊണ്ടിരുന്ന അവരുടെ സംഭാഷണ ശകലങ്ങളാലും അന്തരീക്ഷം മുഖരിതം ..

കടും പച്ച വാഹനങ്ങളുടെ ഇടയിൽ  , ' ബാംഗ്ലൂർ സിറ്റി നഴ്സിംഗ് കോളേജിന്റെ മഞ്ഞ  നിറമുള്ള ബസ്‌ ഞാൻ ഇരിക്കുന്നതിന്റെ ഇടതു വശത്തായി വേറിട്ട്‌ കാണാമായിരുന്നു ....!
പിന്നെ എന്റെ ശ്രദ്ധ പോയത് , തൊട്ടടുത്ത ചുറ്റുപാടിലേക്കാണ് . അവിടെ  എന്റെ ശ്രദ്ധ ആകർഷിച്ചത് ഉറങ്ങി കിടന്നിരുന്ന ഒരുപാട് സാധാരണക്കാരുടെ ഇടയിൽ  , വിരിച്ചിട്ട 'കാവി '  വസ്ത്രത്തിനു മീതേ  ശയിക്കുന്ന ഒരു അസ്ഥി പഞ്ജരമായിരുന്നു ....!.  ജീവനുണ്ടോ എന്ന് തന്നെ സംശയം തോന്നിപ്പിക്കുന്ന അതിന്റെ നെഞ്ഞിൻ  കൂടിന്റെ ഉയർച്ച -താഴ്ചകൾ അനുഭവവേദ്യമാകുവാൻ, ഒരു അതി സൂക്ഷ്മ നിരീക്ഷണം തന്നെ വേണ്ടി വന്നു എനിക്ക് അപ്പോൾ  . അതിനോട് തോട്ടുരുമ്മിച്ചേർന്നു  കിടക്കുന്ന കില്ലപ്പട്ടിയുടെ ചൂടാണ് ,  മന്ദഗതിയിൽ ആ നെഞ്ച് ഉയരുന്നതിനും താഴുന്നതിനും കാരണമെന്ന  പരമാർത്ഥം വൈകാതെ പിടികിട്ടി . സംശയലേശമെന്യേ  പറയാമല്ലോ, ആ അസ്ഥിപഞ്ജരത്തിന്,  കുറഞ്ഞത്‌ പത്തു- പതിനഞ്ചു ദിവസങ്ങളിലെ പട്ടിണിയുടെ ദൈന്യതയുണ്ടെന്ന് മനസ്സിലാക്കാൻ , അപ്പോൾ അവിടെ എനിക്കല്ലാതെ മറ്റാർക്കും ,സമയമോ സൌകര്യമോ ഉണ്ടായിരുന്നില്ല . പിന്നെ എന്റെ ശ്രദ്ധ മുഴുവൻ അസ്ഥിപന്ജരത്തിന്റെ 'ലിംഗ നിർണയ'ത്തിലേക്കായി . ഒരുപാടു യത്നിക്കേണ്ടി   വന്നു അതിലേക്കായി ...!. അതൊരു   മദ്ധ്യവയസ്കയായ 'സ്ത്രീരൂപ'മാത്രമാണെന്നു വൈകാതെ നിഗമനത്തിലെത്തി...!. അവളുടെ ആ അതീവ ദയനീയ നിലയിൽ , ഞാൻ എന്റെ രണ്ടോ-മൂന്നോ ദിവസം മാത്രം പഴക്കമുള്ള പട്ടിണിയെ പാടേ  മറന്നു . എനിക്കപ്പോഴുണ്ടായ മരവിപ്പിന് കാരണം കുളിർമഞ്ഞല്ലായിരുന്നു  സുഹൃത്തുക്കളേ ...!.
പിന്നെ നേരം പുലർന്നു . ജനഗണങ്ങൾ ,അവളുടെ അർദ്ധമൃത  ശരീരത്തേയും താണ്ടി മുന്നോട്ടു കുതിക്കാൻ ആരംഭിച്ച വേളയിൽ , ഞാനും തെരുവിലേക്ക് നടപ്പായി  . കഴിഞ്ഞ പത്തു -പന്ത്രണ്ടു വർഷങ്ങളായി എന്റെ ഉദരപൂരണ വൃത്തിയായ ഭിക്ഷാടനത്തിനായിരുന്നു അത് . മണിക്കൂറുകൾ കൊണ്ട് അങ്ങിങ്ങ് നിന്ന് കിട്ടിയത് കൊത്തിപ്പെറുക്കി, കിട്ടിയതും കൊണ്ട് , ഏതാണ്ട് മധ്യാഹ്നത്തോടെ ഞാൻ തിരികെ അതേ  സ്ഥലത്തെത്തി . ആദ്യം തന്നെ എന്റെ ശ്രദ്ധ പോയത് അവൾ കിടന്നിടത്തേക്ക് തന്നെ  ആയിരുന്നു എന്നത് സ്വാഭാവികമാണല്ലോ ....?. കൊടും തിരക്കിനിടയിൽ  വീണു കിടന്നിരുന്ന അവൾ , അപ്പോഴും വ്യത്യസ്ഥയായിരുന്നു ...!. പണ്ടത്തെതിലും മറ്റൊരു വ്യത്യാസം ഞാൻ  അവളില്‍ കണ്ടതെന്തെന്നു വച്ചാൽ നെഞ്ഞിൻ കൂടിന്റെ നിമ്നോന്നത വൃത്തി നിലച്ചിരുന്നു എന്നതാണ് ...!. എന്ന് വച്ചാൽ അവൾ മരിച്ചു കിടക്കുകയായിരുന്നു,  അല്ലെങ്കിൽ വേണ്ട അവൾ ചത്തു കിടക്കുകയായിരുന്നു .......!.
തത്സമയം ശവത്തലയ്ക്ക് തൊട്ടു മീതെയുള്ള പടിക്കെട്ടിൽ , ഏതോ ആഘോഷാവശ്യങ്ങൾക്കായി കൊണ്ടുപോകാൻ വച്ചിരിക്കുന്നത്, എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ , വലിയ ചരുവങ്ങളിലായി  , ബിരിയാണി ഉൾപ്പെടെയുള്ള പതിവ് വിഭവങ്ങൾ  നിറച്ചു വച്ചിട്ടുണ്ടായിരുന്നു. അവയിൽ  നിന്ന് വമിച്ചു കൊണ്ടിരുന്ന രൂക്ഷസുഗന്ധത്തിന്  , റയിൽവേ  സ്റേഷന്റെ ചിരപരിചിത ഗന്ധം വഴി മാറി നിന്നു അപ്പോൾ .പട്ടിണിക്കോലത്തെ ഭക്ഷണ സുഗന്ധമേൽപ്പിച്ച് കൊതിപ്പിച്ചു കൊന്ന കിരാത കൃത്യമാണവിടെ നടന്നത് .

ചലനശേഷി നശിച്ച്  , ആർത്തത്രാണയായ ആ  പാവം മനുഷ്യക്കോലം നാളുകളായി അവിടെത്തന്നെ കിടക്കുകയായിരുന്നുവെന്നും , അവളുടെ ചരമ മുഹൂർത്തത്തിനായി ആരോ കഴുകൻ കണ്ണുകളോടെ കാത്തിരിക്കുകയായിരുന്നു എന്നതും ,പകൽപോലെ  അപ്പോൾ എനിക്ക് വ്യക്തമായിരുന്നു ....!. അതിനു തെളിവ് , കാവിത്തുണിക്കുമേൽ ചത്ത് ഉറുമ്പ് അരിക്കുന്ന അവളുടെ ശവശരീരത്തെ നിസ്സംഗ- നിഷ്ക്രിയ - നിർവികാര ഭാവത്തോടെ ദൂരെ മാറി നിന്ന് വീക്ഷിക്കുന്ന  പോലീസുകാരും , സൈനികരും , ബാംഗ്ലൂർ സിറ്റി നഴ്സിംഗ് കോളേജിന്റെ   മഞ്ഞ ബസ്സും , അതിലിരുന്ന ഡ്രൈവറും , ആധുനിക സദ്യാ വിഭവങ്ങൾ  നിറച്ച ചരുവങ്ങളും പാത്രങ്ങളും , പിന്നെ ഇവ എല്ലാറ്റിനെയും പ്രതീകാത്മകമായി സമന്വയിച്ച് , തങ്ങളുടെ വീഡിയോ ക്യാമറായിലേക്കും , സാധാരണ ക്യാമറായിലേക്കും മാറി മാറി സമാവേശിപ്പിച്ചു കൊണ്ടിരുന്ന നാടൻ സായ്പ്പ് -മദാമ്മ യുഗ്മങ്ങളുമായിരുന്നു  ....! ഈ സംഭവ വികാസ്സങ്ങളെ ആകമാനം ഒന്നിപ്പിച്ചു മറ്റൊരു 'ബ്രേക്കിംഗ് ന്യൂസിനു ' കോപ്പുകൂട്ടുകയായിരുന്നു അവർ .
എല്ലാറ്റിനും മൂകസാക്ഷിയായി , ശവത്തണുപ്പിൽ നിന്ന് മാറിക്കിടന്നുകൊണ്ട് , സമീപത്തെ ചുടു  സദ്യാ വിഭവങ്ങളിലേക്ക് കൊതിയോടെ നോക്കിക്കൊണ്ടിരുന്ന ആ കില്ലപ്പട്ടിയും, പിന്നെ ഈ ഞാനുമായിരുന്നു ....!മുകളിൽ  മച്ചിൻ മേൽ  കറങ്ങിക്കൊണ്ടിരുന്ന സി .സി .ടി .വി ക്യാമറയുടെ  മാധ്യമത്താൽ,  ഉള്ളിലെവിടെയോ ഇരുന്നു എല്ലാം വീക്ഷിച്ചു രസിച്ചിരുന്ന റെയിൽവേ  പോലീസ് ഉദ്യോഗസ്ഥനോട് ഞാനീ അവസരത്തിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടേ  ...!, നന്ദി  സുഹൃത്തേ ...! നന്ദി .......!


Popular posts from this blog

अर्चिरादि मार्ग

THE PANCHA MAHA YAJNAS : Five Daily Sacrifices To Be Performed By Every Householder

Chanakya quotes - Subhashita