ഇഹലോകവാസാനന്തരം ,പരലോകത്തേക്കു ഗമിക്കുന്ന മനുഷ്യന് , പോകുവാൻ രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത് . ആദ്യത്തേത് ദേവയാനമാർഗ്ഗവും , രണ്ടാമത്തേത് പിത്രുയാനമാർഗ്ഗവും .ഇതിൽ ദേവയാനമാർഗ്ഗം ധവളവും ,ദീപ്തിമയവും ആണ് . മറിച്ച് പിതൃയാനമാർഗ്ഗം , കറുത്തതും ,ഘോരാന്ധകാരമയവുമാണ് .
ഇതിനെയാണ് ഭഗവത് ഗീതയിൽ ഇങ്ങനെ വർണിച്ചിരിക്കുന്നത് :-
ശുക്ലകൃഷ്ണേ ഗതേ ഹ്യേതേ ജഗതഃ ശശ്വതേ മതേ
എകര്യാ യാന്യനാവൃത്തിമന്യയാഽഽ വർത്തതേ പുനഃ
ദേവയാനമാർഗ്ഗം ആവർത്തനമില്ലാത്ത മുക്തിമാർഗ്ഗമാണ് .എന്നാൽ പിതൃയാനമാർഗ്ഗം പുനരാവത്തിക്കുന്നതാണ് . മേൽപ്പറഞ്ഞ മുക്തിദായകമായ ദേവയാനമാർഗ്ഗത്തിനാണ് അർച്ചിരാദിമാർഗ്ഗം എന്ന് പറയുന്നത് . പ്രകാശകാരകനായ അഗ്നിയേയാണ് 'അർച്ചി' എന്ന് വിളിക്കുന്നത് .
അർച്ചിരിഹഃ സിതഃ പക്ഷ ഉത്തരായണ വത്സരൗ
മരുദ്രവീന്ദവോ വിദ്യുദ്വരുണേന്ദ്ര ചതുർമുഖാഃ
ഏതേ ദ്വാദശ ധീരാണാം രഥാമാതി വാഹികാഃ
വൈകുണ്ഠ പ്രാഹകാ വിദ്യുദ്വരുണാദേസ്ത്വനുഗ്രഹാഃ
മുക്തരായ ബ്രഹ്മജ്ഞാനികൾ ,അർച്ചിരാദിമാർഗ്ഗത്തിലൂടെ വൈകുണ്ഠത്തിലെത്തുന്നു . ഭൂലോകത്തുനിന്ന് അവിടേക്കുള്ള മാർഗ്ഗമദ്ധ്യേ അഗ്നിലോകം , അഹലോകം ,ശുക്ലപക്ഷലോകം ,ഉത്തരായണലോകം,സംവത്സരലോകം,വായുലോകം ,സൂര്യലോകം ,ചന്ദ്രലോകം ,വിദ്യുത് ലോകം ,ഇന്ദ്രലോകം ,പിന്നെ ബ്രഹ്മലോകം എന്നീ ലോകങ്ങൾ താണ്ടിയാലേ വൈകുണ്ഠ പ്രാപ്തി സാദ്ധ്യമാകുന്നുള്ളൂ . ഭൂ ലോകത്ത് നിന്ന് വൈകുണ്ഠത്തിലേക്ക് പുറപ്പെടുന്ന ഭഗവാന്റെ വാത്സല്യഭാജനങ്ങൾ , ആദ്യം അഗ്നിലോകത്തെത്തുമ്പോൾ ,അഗ്നിലോകത്തിന്റെ അധിപനായ ദേവത , മാർഗ്ഗദർശ്ശകനായി മുക്താത്മാവിനെ , അടുത്തലോകമായ അഹലോകത്തിലേക്ക് അത്യാദരപൂർവ്വം നയിക്കുന്നു . അവിടെ അഹലോകാധിപനായ ദേവത ക്രമത്തിൽ അടുത്ത ലോകത്തേക്ക് നയിക്കുന്നു . ഈ പ്രക്രിയ ക്രമത്തിൽ പന്ത്രണ്ട് ലോകങ്ങളിലും പുനരാവർത്തിക്കപ്പെടുന്നു .
അഗ്നിർജ്യോതിരഹഃ ശുക്ലഃഷണ്മാസാ ഉത്തരായണം
തത്ര പ്രയാതാ ഗഛന്തി ബ്രഹ്മ ബ്രഹ്മവിദോ ജനാഃ
ഏതദ് യോ ന വിജാനാതി മാർഗ്ഗദ്വിതമാത്മവാൻയാജ്ഞ്യവൽക്യ സംഹിത -3 / 12
ദന്തശൂകഃ പതംഗോ വാ ഭവേത് കീടോഽഥവാ കൃമിഃ
ദ്വിമാർഗ്ഗജ്ഞാനികൾ അല്ലാത്ത വ്യക്തികളുടെ ആത്മാവ് മൃത്യുപരാന്തം , കൃമി -കീട- പതംഗ യോനികളിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടേയിരിക്കും എന്നാണ് പറയപ്പെടുന്നത് .
ഇനി പിതൃയാനമാർഗ്ഗത്തെക്കുറിച്ച് പറയാം . ഇതിനെക്കുറിച്ച് ബ്രുഹദാരണ്യകോപനിഷത്തിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് :- " യജ്ഞ -ദാന -തപ - കർമ്മങ്ങളെക്കൊണ്ട് ലോകങ്ങളെ ജയിക്കുന്ന പുമാൻ , അല്ലെങ്കിൽ രജോഗുണിയായ ഗൃഹസ്ഥന്റെ മൃതശരീരം അഗ്നിയിൽ വയ്ക്കുമ്പോൾ , അഗ്നിദേവതയിൽ നിന്ന്- അദ്ദേഹം ധൂമദേവതാ സമക്ഷം ( പുക ദേവത) എത്തപ്പെടുന്നു .പിന്നെ പരേതന്റെ ആത്മാവ് രാത്രി ദേവതയിൽ എത്തിച്ചേരുന്നു ,പിന്നെ രാത്രി ദേവതയിൽ നിന്ന്, കൃഷ്ണപക്ഷ (അമാവാസി - 16 അടിയന്തിരം അപ്പോൾ നടത്തപ്പെടുന്നു ), അമാവാസിയിൽ നിന്ന് ദക്ഷിണായന ദേവതയിലും ( സൂര്യൻ ദക്ഷിണ ദിക്ക് ചേർന്ന് സഞ്ചരിക്കുന്ന ആറ് മാസങ്ങൾ ), അതിനുശേഷം അദ്ദേഹം ദക്ഷിണായന ദേവതയിൽനിന്ന് പിതൃ ലോകത്ത് എത്തിച്ചേരുന്നു ( അപ്പോഴാണ് അസ്ഥി നിമർജ്ജനവും മറ്റും ), പിന്നീട് അദ്ദേഹം പിതൃ ലോകത്തു നിന്ന് പുറപ്പെട്ട് ചന്ദ്ര ദേവതയിലെത്തിച്ചേരുന്നു.ചന്ദ്ര ദേവതയുടെ ലോകത്ത് അദ്ദേഹം അന്നമായി പരിണമിക്കുന്നു .അവിടെ ഋഥ്വിക്കുകൾ അതിനെ സോമരസമാക്കി മാറ്റി " ആപ്യായസ്വ അപക്ഷീയസ്വ " എന്നുരുവിട്ടുകൊണ്ട് ,ചമസ്സുകളിൽ നിറച്ചു പാനം ചെയ്യുന്നു . ചന്ദ്രനിൽ ആ ആത്മാക്കളുടെ കർമ്മം ക്ഷയിക്കുമ്പോൾ ,അവർ ആകാശത്തിലേക്ക് പുറന്തള്ളപ്പെടുന്നു.പിന്നീട് ശൂന്യാകാശത്തുനിന്ന് വായുവിലേക്കും ( അന്തരീക്ഷത്തിലേക്ക് ), അവിടെനിന്ന് വൃഷ്ടി( മഴ ) ദേവതയിലെത്തി ച്ചേരുന്നു . മഴദേവതയിൽ നിന്ന് ആ ആത്മാവ് , ഭൂമിദേവതയിലെത്തി വീണ്ടും അന്നമായി പരിണമിക്കുന്നു . പിന്നെ പുരുഷരൂപത്തിലുള്ള അഗ്നിയിൽ ഹവനം ചെയ്യപ്പെടുന്നു .അതിനുശേഷം സ്ത്രീ രൂപത്തിലുള്ള അഗ്നിയിൽ എത്തിച്ചേരുന്നു .അങ്ങനെ അവർ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കും.....!