നന്മയുടെ ഒരു ചിരിക്കുന്ന മുഖം .
തളർന്ന് എലുമ്പിച്ച കൈകാലുകളും , പിന്നെ അഴുകിയ ഇടം കണ്ണുമായി , അയാൾ നഗരത്തിലെ ഫ്ലൈ ഓവറിനു കീഴെ കാതോർത്തു കിടന്നു . ആരെങ്കിലും വരും .....! എന്തെങ്കിലും തരാതിരിക്കില്ല....! എന്ന പ്രതീക്ഷയോടെ . സമീപത്തു കൂടെ ഒരുപാട് വാഹനങ്ങൾ പോടിയുതിർത്ത് പാഞ്ഞു മറഞ്ഞു . എന്നാൽ മദ്ധ്യാഹ്ന൦ വരെ ആർക്കും അവൻ ദൃഷ്ടിഗോചരമായില്ല . അമ്പതു ലക്ഷങ്ങളുടെ നഗരത്തിൽ , നന്മയുടെ ഒരു മുഖം കാണാൻ കൊതിച്ച് അയാൾ കിടന്നു . പട്ടിണിയുടെ ദൈന്യതയിൽ പലവട്ടം ബോധശൂന്യതയിലേക്ക് വഴുതി വീണുകൊണ്ടിരുന്ന വേളകളിൽ . ചാവാലിപ്പട്ടികൾ , പുതച്ചിരുന്ന മലമൂത്ര ലിപ്തമായ പഴന്തുണിയിലേക്ക് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിച്ചു കൊടുത്തുകൊണ്ടിരുന്നതിന്റെ ഈർപ്പത്തിൽ , അവൻ ബോധം വീണ്ടെടുത്തു കൊണ്ടുമിരുന്നു . സായാഹ്നം വരെ തുടർന്നു കൊണ്ടിരുന്ന ഈ പ്രക്രിയയുടെ അന്ത്യത്തിൽ , അവൻ പ്രതീക്ഷിച്ച നന്മയുടെ മുഖം , ഗാന്ധിയുടെ ചിരിക്കുന്ന മുഖമുള്ള നൂറിന്റെ ഒരു നോട്ടായി എവിടെനിന്നോ കണ്മുന്നിൽ പ്രത്യക്ഷപ്പെട്ടു . ആരോ അയാളുടെ മൂത്രപ്പഴന്തുണി മാറ്റി അത് വച്ചു നീട്ടുകയായിരുന്നു ...! . പൊടുന്നനെ സൂര്യപ്രകാശം കണ്ണിലടിച്ച അസഹ്യതയിൽ വലം കണ്ണ് പ്രയാസപ്പെട്ട് തുറന്നു . ആദ്യം അത് ഒരു സ്വപ്നമെന്നവൻ കരുതി കണ്ണ് അലസതയോടെ തിരികെ പൂട്ടി പഴയപടി തന്നെ കിടന്നു . ' വാങ്ങിക്കോളൂ ..!' എന്ന ശബ്ദം ആവർത്തിച്ചു കേട്ടപ്പോൾ, അത് സ്വപ്നമല്ല യാഥാർത്ഥൃ൦ തന്നെയെന്നു മനസിലാക്കി . പിന്നെ തന്റെ തളർന്ന കൈകൾ പ്രയാസപ്പെട്ട് ഉയരത്തി അത് വാങ്ങി . പത്തുരൂപാ നോട്ടു പോലും കണ്ട് മറന്ന അവന്റെ കണ്ണുകളിൽ നിന്നും അപ്പോൾ പഴുപ്പും കണ്ണീരും യോജിച്ച് ചുടു നീരായോഴുകി . എന്നാൽ അത് തൽക്ഷണം തന്നെ കൊടും ചൂടിന്റെ കാഠിന്യത്തിൽ വറ്റി വരളുകയും ചെയ്തു . അവന്റെ കൈപ്പത്തിയിൽ ചുരുണ്ട ആ ഗാന്ധിയുടെ ചിരിക്കുന്ന മുഖത്തേക്ക്, തത്സമയം ചുറ്റുപാടുമിരുന്നു കലപില കൂടിക്കൊണ്ടിരുന്ന , മറ്റു തെണ്ടിപ്പരിഷകൾ ആർത്തിയും അസൂയയും മുഴുത്ത കണ്ണുകളുമായി നോക്കി കൊണ്ടിരുന്നു .
പിറ്റേന്ന് തുറിച്ച കണ്ണുകളും , പുറത്തേക്ക് തള്ളിയ നാവുമുള്ള അവന്റെ ഉറുമ്പരിച്ച ശവം മുനിസിപ്പൽ ജീവനക്കാർ എടുത്തു മാറ്റിയ അവസരത്തിൽ . അവൻ കാലിയാക്കിയ ഇടം മറ്റൊരുവൻ കരസ്ഥമാക്കിയിട്ട്, നന്മയുടെ മറ്റൊരു മുഖത്തിന്റെ കാലോച്ചയോർത്തു മൂടിപ്പുതച്ച് അവിടെ കിടക്കാൻ തുടങ്ങി . ചാവാലിപ്പട്ടികൾ അവരുടെ പ്രവർത്തിയും തുടർന്നു കൊണ്ടേയിരുന്നു ......!