മഹാവിഷ്ണു ഭക്തനായ യയാതി മഹാരാജാവ് , തന്നെപ്പോലെ തന്നെ തന്റെ പ്രജകളെയും വിഷ്ണുഭക്തരാക്കി മാറ്റി തത്കാരണവശാൽ ഭൂലൊകമെമ്പാടും തന്നെ സ്വർഗ്ഗമായി മാറി . ഭൂമണ്ഡലമെങ്ങും ജരാ -മരണങ്ങൾ ഇല്ലാതെ, എല്ലാവരും സുഖമായി വസിച്ചുവരുന്ന ആ കാലയളവിൽ , യമദൂതന്മാർക്ക് വിധിയൊന്നും നടത്താനാവാതെ വിഷമിക്കുന്ന ഒരു ഘട്ടത്തെ അഭിമുഖീകരിക്കേണ്ടി വന്നു . കാര്യമായ പണിയൊന്നുമില്ലാതെ വിഷമിച്ചു വലഞ്ഞ യമധർമ്മൻ, ദേവേന്ദ്രനോട് സങ്കടമുണർത്തിച്ച് എന്തെങ്കിലും ഒരു പ്രതിവിധി ഉണ്ടാക്കണമെന്ന് അപേക്ഷിച്ചു .മറുപടിയായി ഇന്ദ്രൻ ഇപ്രകാരം പറഞ്ഞു :- വളരെ പണ്ടു തന്നെ യയാതി മഹാരാജാവിനെ താൻ ദേവലോകത്തേക്ക് ക്ഷണിക്കുവാനായി മാതലിയെ അയച്ചിരുന്നുവെന്നും, എന്നാൽ ഭൂലോകമാകെ സ്വർഗ്ഗമാക്കിയ തനിക്ക് ഇനി സ്വർഗ്ഗാഭിലാഷങ്ങൾ ഒന്നുമില്ല എന്ന് പറഞ്ഞു മാതലിയെ, യയാതി മടക്കി അയച്ചുവെന്നും പറഞ്ഞു .ഏതായാലും താങ്കളുടെ അപേക്ഷയെ മാനിച്ച് ഒരുവട്ടം കൂടെ ശ്രമിക്കാംഎന്നായി ദേവേന്ദ്രൻ .
സർവ്വഗുണസമ്പന്നനായ യയാതി മഹാരാജാവിൽ ഒരു ചെറിയ ന്യൂനത ഇന്ദ്രൻ നേരത്തെ തന്നെ മനസ്സിലാക്കി വച്ചിരുന്നു . അതെന്തെന്നാൽ അദ്ദേഹത്തിന്റെ നൃത്ത -സംഗീതങ്ങളോടുള്ള കലശലായ അഭിനിവേശം, അതായിരുന്നു . എവിടെയെങ്കിലും ലക്ഷണ സംയുക്തമായ ഗാന -താനങ്ങൾ കേട്ടാൽ പിന്നെ പറയേണ്ട, യയാതി അതിൽത്തന്നെ ഭ്രമിച്ച് ഒറ്റ നിൽപ്പാണ് .. വൈകാതെ ഇന്ദ്രൻ ഗന്ധർവ്വ രാജാവ് മന്മഥനെ വിളിച്ചു വരുത്തി , ഭൂലോകത്ത് ചെന്ന് യയാതി മഹാരാജാവിനെ വശപ്പെടുത്തി ഇന്ദ്രലോകത്തേക്ക് കൂട്ടിക്കൊണ്ടു വരാൻ ആജ്ഞാപിച്ചു .
താമസിച്ചില്ല , മന്മഥൻ ഭൂമിയിലെത്തി തനിക്ക് മഹാരാജാവിന്റെ മുൻപാകെ 'വാമാനചരിതം' നാടകം അവതരിപ്പിക്കാൻ മോഹമുണ്ടെന്നും , വേണ്ടുന്ന സഹായ സഹകരണങ്ങൾ നൽകി അതിനെ വിലയിരുത്തി വിധിയെഴുതണമെന്നും അപേക്ഷിച്ചു . യയാതി രംഗ മണ്ഡപവും മറ്റും തീരത്ത് കൊടുത്തു.പിന്നെ സപരിവാരം ഉപവിഷ്ടനായി നാടകം കാണാൻ തുടങ്ങി .കാമദേവന്റെ കമനീയ നർത്തനവും , കർണ്ണാമൃതഗാനവും , ഭാവ-രസസംയുക്തമായ അഭിനയ മികവും കണ്ട്, മത്തുപിടിച്ച യയാതി, ഇടയ്ക്കു രംഗവേദി വിട്ട് ലഘുശങ്ക ( മൂത്രവിസർജ്ജനം )ക്കായി എഴുന്നേറ്റു പോയി . ഉന്മത്തതയിൽ ,മൂത്രവിസർജ്ജനത്തിനുശേഷം അദ്ദേഹം, കൈകാലുകൾ കഴുകണമെന്ന ധർമ്മം അപ്പാടേ മറന്നുപോയിരുന്നു . അതേപടി തിരികെ വന്നിരുന്ന് നാടകം കാണാൻ തുടങ്ങി . പിന്നെ പറയേണ്ടതുണ്ടോ ..? ഈ തക്കത്തിന് , അദ്ദേഹത്തിന്റെ ശരീരത്തിൽ ജരയും - നരയും പ്രവേശിച്ചു . അങ്ങനെ ദേവേന്ദ്രനും , യമധർമ്മനും ഉദ്ദേശിച്ച കാര്യവും സാധിച്ചു .... ഭൂമിയിൽ വീണ്ടും കാലനുള്ള കാലം പിറവിയെടുത്തു .....!