രജത ലേഖ


 രജത് ദാസെന്ന രാജീവ് ദാസ് ...! നീ ഭ്രാന്തനായിരുന്നില്ല .  സാധാരണക്കാരിൽ സാധാരണക്കാരനായ, ഒരു അസാധാരണ വ്യക്തിയായിരുന്നു  നീ.... ഭ്രാന്തന്മാരുടെ ഇടയിൽപ്പെട്ടുഴറിയ സുബോധവാനായിരുന്നു നീ . ചെന്നായ് ക്കൂട്ടത്തിലകപ്പെട്ട ആട്ടിൻകുട്ടിയായിരുന്നു നീ ...   ഭ്രാന്തനാണ് ... വട്ടനാണ്‌ ... എന്നിങ്ങനെയുള്ള തോന്നൽ  , നിന്റെ മസ്തിഷ്ക്കത്തിൽ കൂടെക്കൂടെ ഓതിത്തന്ന്,  നിനക്കവർ ബുദ്ധിഭ്രമമുണ്ടാക്കിത്തന്നതാണ്.. .! അങ്ങനെ ഏതോ ദുർബ്ബല  നിമിഷത്തിൽ  അസാമാന്യ ധൈര്യശാലിയായിരുന്ന നീ , നിന്നെത്തന്നെ മറന്ന് ചെയ്തുപോയ ആ കടുംകൈ ; നിന്നിലെ നന്മയെ തൊട്ടറിഞ്ഞ എന്നെ, എന്നെന്നും ഇനി വിമ്മിഷ്ടപ്പെടുത്തിക്കൊണ്ടിരിക്കും .
നിന്നെ ഒരുവട്ടം കൂടെ കാണണമെന്ന ലക്ഷ്യത്തോടെയാണ് ഞാനവിടെയെത്തിയത് ....! പക്ഷെ ഇനിയൊരു കൂടിക്കാഴ്ച  ഈ ലോകത്ത് സാധ്യമല്ല എന്ന സത്യം , അതീവ ദുഃഖകരമാണ് . പ്രിയ സുഹൃത്തേ , എന്റെ മേൽ വിലാസം  എവിടെനിന്നോ തപ്പിയെടുത്ത് , നീയെനിക്കെഴുതിയ ആ അസംഖ്യം കത്തുകളാണേ  സത്യം ... നീ ഭ്രാന്തനായിരുന്നില്ല . നിനക്കെതിരെ ഉപയോഗിക്കപ്പെട്ട അതേ  ആയുധം തന്നെയാണിവർ ഇപ്പോൾ    എന്റെ മേലും വർഷിക്കുന്നത് . നീ കടന്നുപോയ ആ ദുർബ്ബല നിമിഷത്തിനായ്ക്കൊണ്ട്  ഞാനും  ഇപ്പോൾ കാത്തിരിക്കുകയാണ് .
 അന്ന് അവർ നിന്നെ സ്കൂളിൽ നിന്ന് പുരത്താക്കുകയായിരുന്നില്ല ,  മറിച്ച് ,സമൂഹത്തിൽ നിന്ന് തന്നെ പുറം തള്ളുകയായിരുന്നു . എല്ലാറ്റിന്റെയും തുടക്കവും ഒടുക്കവും ,എല്ലാംതന്നെ നിന്റെ പാഠശാലതന്നെയായിരുന്നു . എല്ലാറ്റിനുമുപരി ,സുഹൃത്തേ അന്ന്  നിന്റെ തുളഞ്ഞ തലയൊട്ടിയിൽനിന്ന്, ബഹിർഗമിച്ച തലച്ചോറിനു മേമ്പോടിയായ് വിതറപ്പെട്ടത്‌ , നിന്റെ കുലീനതയോടും , തഥാകഥിത സവർണ്ണതയോടുമുള്ള അസൂയ ആയിരുന്നു എന്ന് , എനിക്കിന്ന് നിഃസ്സന്ദേഹം പറയാൻ കഴിയും . നിനക്ക് ഞാൻ നിത്യശാന്തി നേർന്നു കൊള്ളുന്നു . ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.

Comments

Popular posts from this blog

अर्चिरादि मार्ग

ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും....

Nothing to beat Indians in knowledge....!