ദൈവ ദശകം - ജഗദ്ഗുരു ശ്രീ നാരായണ ഗുരുദേവൻ (1914)

ജയ് ഗുരുദേവ് .......!
1930 -1940 കാലയളവിൽ കണ്ണൂരിലെ വിവിധ മുസ്ലിം തറവാടുകളിലെ കുട്ടികൾക്ക് അവരുടെ മുത്തച്ഛ ന്മാർ ദൈവ  ദശകം  ചൊല്ലി പഠിപ്പിച്ചിരുന്നതായി മാപ്പിള മുസ്ലീം ചരിത്ര ഗവേഷകനായിരുന്ന തലശേരിയിലെ ഒ .അബു , അദ്ദേഹത്തിന്റെ ഉത്തര മലബാറിന്റെ മാപ്പിള പൈതൃകം -പേജ് -19 ൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഏക ദൈവ സങ്കല്പം  വെളിപ്പെടുത്തുന്ന  ഇത്ര  നല്ല ഒരു കൃതി മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ല എന്ന വസ്തുത  ഇതിൽനിന്ന് വ്യക്തമാകുന്നു .  
(കേരള ഭൂഷണത്തിലെ  ലേഖനത്തോടു കടപ്പാട് .)
 
 ദൈവമേ കാത്തുകൊൾകങ്ങു ,
 കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കോ -
രാവിവൻതോണി നിൻപദം

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ -
ട്ടെണ്ണും  പൊരുളടങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
 നിന്നിലസ്പന്ദമാകണം  .

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ 
ധന്യരാക്കുന്ന നീയൊന്നു
 തന്നെ ഞങ്ങൾക്കു  തമ്പുരാൻ.

ആഴിയും തിരയും കാറ്റും -
ആഴവും പോലെ ഞങ്ങളും
 മായയും നിൻ  മഹിമയും
 നീയുമെന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ -
 വായതും സൃഷ്ടിജാലവും 
നീയല്ലോ ദൈവമേ , സൃഷ്ടി -
യ്ക്കുള്ള സാമഗ്രിയായതും .

നീയല്ലോ മായയും മായാ -
വിയും മായാവിനോദനും 
നീയല്ലോ മായയെ നീക്കി -
സായൂജ്യം നൽകുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും 
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയുമോർക്കിൽ നീ .

അകവും പുറവും തിങ്ങും 
മഹിമാവാർന്ന നിൻപദം 
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു 
ഭഗവാനെ ,ജയിക്കുക .

ജയിക്കുക മഹാദേവ
ദീനാവന പരായണാ 
ജയിക്കുക ചിദാനന്ദ 
ദയാസിന്ധോ ജയിക്കുക .

ആഴമേറും നിൻ  മഹസ്സാ-
 മാഴിയിൽ ഞങ്ങളാകവേ 
ആഴണം വാഴണം നിത്യം
 വാഴണം വാഴണം സുഖം.   

Popular posts from this blog

अर्चिरादि मार्ग

ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും....

Nothing to beat Indians in knowledge....!