ചെമ്പകശ്ശേരി രാജാവിന് രണ്ടു സൈന്യാധിപരാണ് ഉണ്ടായിരുന്നത് . ആദ്യത്തേത് അതീവ സത്യസന്ധനും , പിന്നെ ആയോധന കലയുടെ പ്രശസ്തിയും , അതോടൊപ്പം തന്നെ വൈദ്യവൃത്തിയിൽ അതീവ നിപുണതയും, പ്രഭുത്വവും ഒത്തു ചേർന്ന സവിശേഷ വ്യക്തിത്വത്തിന് ഉടമയായ ശ്രീമാൻ വെള്ളൂർ കുറുപ്പ് , രണ്ടാമത്തേത് തുളുനാട്ടിലെ ദ്രോണം പിള്ളി നായ്ക്കരുടെ ആരാധനാ വിഗ്രഹം കപടതയിലൂടെ കരസ്ഥമാക്കി അമ്പലപ്പുഴയെത്തിയ മാത്തൂർ പണിക്കരും. പ്രസ്തുത വിഗ്രഹം തിരഞ്ഞു അമ്പലപ്പുഴയെത്തിയ ദ്രോണമ്പിള്ളി നായ്ക്കർക്ക് ഗുരുസ്ഥാനം കൽപ്പിച്ചനുഗ്രഹിച്ച് നല്കി , സൂത്രത്തിൽ നെടുമുടിയിൽ ഒരു ക്ഷേത്രവും പണിയിച്ചു കൊടുത്ത് , അവിടെ കുടിയിരുത്തിയ ശേഷം , ആ മഹായോദ്ധാവിന്റെ സന്നിഹിതിയുടെ പിൻബലത്തിൽ അമ്പലപ്പുഴ രാജാവിന്റെ സൈന്യാധിപനായി മാറിയ മാത്തൂർ പണിക്കരും. എങ്കിലും രാജസന്നിധിയിൽ മുൻ പറഞ്ഞ കാരണങ്ങളാൽ വെള്ളൂർ കുറുപ്പവർകൾക്കു തന്നെയായിരുന്നു എന്നും മുൻഗണന . ഇതിനാൽ പണിക്കർക്ക് , കുറുപ്പദ്ദേഹത്തോട് കടുത്ത അസൂയയും ഉണ്ടായിരുന്നു എന്നെടുത്തു പറയേണ്ടതില്ലല്ലോ ....?
ഒരിക്കൽ രാജാവിന്റെയും , മാത്തൂർ പണിക്കരുടെയും സാന്നിധ്യത്തിൽ കൊട്ടാര മുറ്റത്തെ വരിക്കപ്ലാവിന്റെ കൊമ്പൊന്ന് പൊടുന്നനെ അടർന്നു വീണു . ഉദ്വേഗത്തിൽ "അയ്യോ ഇത് വീഴരുതായിരുന്നു ...!" എന്ന അഭിപ്രായം രാജാവിന്റെ തിരുമുഖത്തുനിന്നും അപ്പോൾത്തന്നെ വരവായി . ഇത് കേൾക്കേണ്ട താമസം മാത്തൂർ പണിക്കർ സന്ത്വനമോതി " അല്ല തിരുമനസ്സേ കൊട്ടാരം വൈദ്യൻ കുറുപ്പ് ഇവിടെയുള്ളപ്പോൾ അങ്ങെന്തിനു ഖേദിക്കുന്നു , അദ്ദേഹം ഈ പ്ലാങ്കമ്പ് വീണ്ടും പ്ലാവിൽത്തന്നെ പിടിപ്പിച്ചു തരില്ലേ ..? എന്ന് ...!
ഉടൻതന്നെ രാജാവ് , രാജഭിഷഗ്വരഭൂഷണം വെള്ളൂർ കുറുപ്പവർകളെ വരുത്തിച്ച് " സൈന്യാധിപാ..! ഈ വരിക്കപ്ലാവിന്റെ കൊമ്പ് യഥാസ്ഥാനത്തു തന്നെ പുനസ്ഥാപിക്കൂ" എന്ന് കൽപ്പിച്ചു. തന്നെ കൊച്ചാക്കാ നായി , അസൂയാലുവായ 'പണിക്കർ ' ഒപ്പിച്ചു തന്ന 'പണി 'യാണിതെന്നു പൂർണബോദ്ധ്യമുണ്ടായിരുന്ന സാത്വികനായ വെള്ളൂർ കുറുപ്പവർകൾ , ഒട്ടും അമാന്തിക്കാതെ ആ ദൌത്യം സഹർഷം ഏറ്റെടുത്തു. പരദേവതയെ മനസ്സാ സ്മരിച്ചുകൊണ്ട് മുറിഞ്ഞ പ്ലാങ്കൊമ്പ് ഒടിഞ്ഞ സ്ഥാനത്തു തന്നെ വച്ചുകെട്ടി ചികിത്സയും ആരംഭിച്ചു . അത്യത്ഭുതമെന്നു പറയട്ടേ , ഏറെ വൈകാതെ ആ കൊമ്പു ഇന്നത്തെ 'ബോണ്‍സായി ' പ്ലാവിന്റെ മുൻഗാമിയായി പരിണമിക്കുകയും ചെയ്തു .
Comments
Post a Comment